കണ്ണൂര്‍: പാര്‍ട്ടിയോട് ഇടയുന്നുവെന്ന സൂചനയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായ പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിയുമായി അകലുന്നതിന്റെ സൂചനയാണ് പോസ്റ്റിലുള്ളത്. ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല, ഒരു കരയില്‍ നിന്നും മറു കരയില്‍ എത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്നു നടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ഇത് ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ബുദ്ധന്റെ കഥ സൂചിപ്പിച്ചാണ് ദിവ്യയുടെ കുറിപ്പ്. ‘ഒരിക്കല്‍ നമ്മെ ചേര്‍ത്തുപിടിച്ച ചില ബന്ധങ്ങള്‍ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങള്‍ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുന്നുണ്ടാകാം. ഒരിക്കല്‍ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം. ചിലതിനെ സ്‌നേഹത്തോടെ യാത്രയാക്കണം. നമ്മെ ഒരു കരയില്‍നിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാന്‍ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവന്‍ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്’, ദിവ്യ കുറിച്ചു. തുടര്‍ കുറിപ്പുകളുണ്ടാകുമെന്ന സൂചനയും ദിവ്യ നല്‍കുന്നുണ്ട്.
