പതിനാറു വയസ്സിൽ താഴെയുള്ളവർക്കായുള്ള കെ.സി.എ. ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിന് ഇന്നിങ്സ് വിജയം. മറ്റൊരു മത്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ പൊരുതുകയാണ് ബി.കെ. 55 കേരള. കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് 16 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി.
എസ്.ജി. ക്രിക്കറ്റ് സ്കൂളിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 72 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 374 റൺസെടുത്തു. ആരോൺ അലക്സ് (125), ദേവനാരായൺ (75), ബി. ദേവർഷ് (66), അഭിറാം ജി.ബി. (65) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ലിറ്റിൽ മാസ്റ്റേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. എസ്.ജി. ക്രിക്കറ്റ് സ്കൂളിനു വേണ്ടി ആർണവ് രാജ് കൃഷ്ണ നാലും എസ്. വൈഷ്ണവ്, തേജസ് എം. ജിജു, ആർജിത് ആർ. എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ എസ്.ജി. ക്രിക്കറ്റ് സ്കൂൾ 116 റൺസിന് പുറത്തായതോടെ, ലിറ്റിൽ മാസ്റ്റേഴ്സ് ഒരിന്നിങ്സിന്റെയും 186 റൺസിന്റെയും തകർപ്പൻ വിജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ബി.കെ. 55 കേരള ഫോളോ ഓൺ വഴങ്ങി. തൃപ്പൂണിത്തുറയുടെ സ്കോറായ 340-നെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ. 55 കേരള ആദ്യ ഇന്നിങ്സിൽ 129 റൺസിന് ഓൾഔട്ടായി. 45 റൺസ് വീതം നേടിയ ക്യാപ്റ്റൻ അയാൻ അഹമ്മദും ഹൃതിക് ഹരിദാസും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. എസ്. ആര്യന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ബി.കെ. 55-ന്റെ ബാറ്റിങ് നിരയെ തകർത്തത്. മാധവ് വിനോദ് മൂന്നും എഡ്വിൻ എൽദോസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ബി.കെ. 55 കേരള രണ്ട് വിക്കറ്റിന് 119 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ അയാൻ അഹ്മദ് 72 റൺസുമായും ഹൃതിക് ഹരിദാസ് 29 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്.
തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 267-നെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് 251 റൺസിന് പുറത്തായി. ശിവ്ഹരി ശർമ്മ (68), വസിഷ്ഠ് അരുൺ (54), അഭിനവ് വി.വി. (40) എന്നിവരാണ് വിന്റേജ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ആത്രേയക്ക് വേണ്ടി ശ്രീഹരി പ്രസാദ് അഞ്ചും മുഹമ്മദ് ഫാറൂഖ്, ദേവാംഗദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ആത്രേയ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിലാണ്.
