കൊച്ചി, ഒക്ടോബർ 25, 2026: 2026–27 എംജി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും ഓരോ പോയിന്റ് വീതം പങ്കിട്ടു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിറഞ്ഞ സദസ്സിന് മുന്നിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രതിരോധവും അച്ചടക്കവും കാഴ്ച്ചവെച്ചതോടെ മത്സരം ഗോൾരഹിതമായി അവസാനിച്ചു. സമനിലയിലൂടെ ലഭിച്ച നിർണായക പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ലീഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.

സ്വന്തം തട്ടകത്തിൽ ആത്മവിശ്വാസത്തോടെ കളി ആരംഭിച്ച ബ്ലാസ്റ്റേഴ്‌സ് തുടക്കത്തിൽത്തന്നെ എതിർ ഗോൾമുഖത്ത് സാന്നിധ്യമറിയിച്ചു. അഞ്ചാം മിനിറ്റിൽ ഇടത് വിംഗിലൂടെ കുതിച്ചെത്തിയ മലയാളി താരം മുഹമ്മദ് സനാൻ നൽകിയ മികച്ച ക്രോസ് അഡ്രിയാൻ ലൂണ ഹെഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. തുടർന്നും ആക്രമണങ്ങൾ മെനഞ്ഞ ബ്ലാസ്റ്റേഴ്സിനായി ഹോർമിപാം തൊടുത്ത ഷോട്ട് സൈഡ് നെറ്റിലാണ് പതിച്ചത്. 17-ാം മിനിറ്റിൽ സനാൻ ബോക്സിന് പുറത്തുനിന്ന് തൊടുത്ത കരുത്തുറ്റ ഷോട്ടും ശ്രദ്ധേയമായി. വിംഗുകളിൽ കൊറൗ സിംഗിന്റെയും സനാന്റെയും വേഗതയും, മധ്യനിരയിൽ ക്യാപ്റ്റൻ ലൂണയുടെയും നെബോജ്ഷ കൊസോവിച്ചിന്റെയും കളിനിയന്ത്രണവും ആദ്യ പകുതിയിൽ ടീമിന് സ്ഥിരത നൽകി.

മറുവശത്ത് വിംഗുകളിലൂടെയുള്ള മുന്നേറ്റങ്ങളുമായി മുംബൈ സിറ്റി കളം നിറഞ്ഞെങ്കിലും, ഗോൾവലയ്ക്ക് മുന്നിൽ അമരീന്ദർ സിംഗ് കാട്ടിയ ജാഗ്രതയും പ്രതിരോധ നിരയുടെ ഒത്തിണക്കവും കൃത്യമായ പ്രതിരോധം തീർത്തു. ഫ്രെഡി ലല്ലാവ്മൗമയുടെ ദീർഘദൂര ഷോട്ടുകളിലൂടെയും ബ്ലാസ്റ്റേഴ്‌സ് ലീഡ് കണ്ടെത്താൻ ശ്രമിച്ചതോടെ ആദ്യ പകുതി തുല്യശക്തികളുടെ പോരാട്ടമായി മാറി.

രണ്ടാം പകുതിയിൽ ആക്രമണനിരയ്ക്ക് കൂടുതൽ ഊർജ്ജം പകരാൻ ശ്രീകുട്ടൻ, എബിൻ ദാസ്, ആന്ദ്രെ ഗ്രീൻ എന്നിവരെ മുഖ്യ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡ് കളത്തിലിറക്കി. മുംബൈ സിറ്റി ആക്രമണങ്ങൾ കടുപ്പിച്ച ഘട്ടങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര തികഞ്ഞ അച്ചടക്കത്തോടെയാണ് പന്ത് ക്ലിയർ ചെയ്തത്.

മത്സരത്തിന്റെ അവസാന നിമിഷം വരെ ഇരുടീമുകളും നിർണായക ഗോളിനായി നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പ്രതിരോധക്കോട്ടകൾ മറികടക്കാൻ ആർക്കുമായില്ല. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഇരുടീമുകളും സമനിലയോടെ കളം വിട്ടു. ക്ലീൻ ഷീറ്റ് നിലനിർത്താനായതും പ്രതിരോധത്തിലെ ഒത്തിണക്കവും ടീമിന് വരും മത്സരങ്ങളിൽ മുതൽക്കൂട്ടാകും.

ഒക്ടോബർ മാസത്തിലെ തങ്ങളുടെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ചെന്നൈയിലേക്ക് തിരിക്കും. ഒക്ടോബർ 31 ശനിയാഴ്ച നടക്കുന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *