ന്യൂ ഡൽഹി: 2027-ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഔദ്യോഗിക ഡേറ്റ് ഷീറ്റ് കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള അഫിലിയേറ്റഡ് സ്കൂളുകളിലെ പരീക്ഷകൾ 2027 ഫെബ്രുവരി 16-ന് ആരംഭിക്കും. എല്ലാ പരീക്ഷകളും രാവിലെ 10.30-നാണ് തുടങ്ങുന്നത്.
പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16-ന് പെയിന്റിങ് വിഷയത്തോടെ ആരംഭിക്കും. തുടർന്ന് ഫെബ്രുവരി 17-ന് ഗണിതം (സ്റ്റാൻഡേർഡ് & ബേസിക്), 19-ന് ഹോം സയൻസ്, 22-ന് സയൻസ് പരീക്ഷകളും നടക്കും. ഫെബ്രുവരി 24-ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളുടെ പരീക്ഷയും 26-ന് ഇംഗ്ലീഷും 27-ന് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ പരീക്ഷകളും നടക്കും. മാർച്ച് മൂന്നിന് ഹിന്ദി പരീക്ഷയും മാർച്ച് നാലിന് ഉറുദു, തമിഴ്, തെലുങ്ക്, മറാഠി, ബംഗാളി, പഞ്ചാബി തുടങ്ങിയ മറ്റ് ഭാഷാ പരീക്ഷകളും ക്രമീകരിച്ചിരിക്കുന്നു. പത്താം ക്ലാസ് പരീക്ഷകൾ 2027 മാർച്ച് ഒൻപതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒൻപതിനും അവസാനിക്കും.
2026-27 അധ്യയന വർഷത്തെ പ്രായോഗിക പരീക്ഷകളും ഇന്റേണൽ അസസ്മെന്റുകളും 2027 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 13 വരെ നടക്കും. എന്നാൽ ശൈത്യകാല അവധിയുള്ള സ്കൂളുകളിൽ പ്രായോഗിക പരീക്ഷകൾ നവംബർ ഒൻപത് മുതൽ ഡിസംബർ 19 വരെയായിരിക്കും നടക്കുക. വിഷയങ്ങൾ തിരിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വിദ്യാർഥികൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in സന്ദർശിച്ച് ഡേറ്റ് ഷീറ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
