കൊച്ചി: ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ നടി അതുല്യ ചന്ദ്ര അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. നടി, സിനിമ താരം ബിബിന്‍ പെരുമ്പള്ളി, ഡ്രൈവര്‍ വിഷ്ണു എന്നിവര്‍ക്ക് ജാമ്യം നല്കാന് കഴിയില്ലെന്ന് കോടതി അറിയിക്കുയായിരുന്നു. യുവ ഡോക്ടറുടേത് വ്യാജ പരാതി എന്ന പ്രതികളുടെ ആരോപണത്തെ പൊലീസ് കോടതിയില്‍ എതിര്‍ത്തിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്കി. 3 ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്.
ഇതിനിടയില്‍ അതുല്യ ചന്ദ്രയുടെ ബന്ധു നല്കിയ പീഡന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഡോക്ടര്‍ക്കെതിരെയാണ് ബന്ധു പരാതി നല്‍കിയത്. ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ 12 യുവതികളുടെ പീഡനദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇരയായ സ്ത്രീകളില്‍ ഏറെയും രോഗികളും ബന്ധുക്കളുമാണെന്ന് കണ്ടെത്തല്‍. പീഡനം ലഹരി നല്‍കിയതിന് ശേഷമാണെന്നാണ് നിഗമനം. ഇയാളുടെ ഫോണില്‍ അശ്ലീല ദൃശ്യങ്ങളുടെ വലിയ ശേഖരമാണ് പോലിസിന് ലഭിച്ചത്.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പരാതി ലഭിച്ചാല്‍ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യും.ജോണ്സണ് കെ വര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പരാതിക്കാരി തന്നെയാണ് പൊലീസിന് കൈമാറിയത്. പീഡനത്തിന് കേസെടുത്തതോടെ ജോണ്സണ് ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണ സംഘം ഉടന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കും.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡോക്ടറുടെ വീട്ടില്‍ ഇന്നലെ പോലിസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കം ആരംഭിച്ചു.
