വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് എന്നിവര്‍ ചൈനയില്‍ ആദ്യ ത്രികക്ഷി കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. അടുത്തയാഴ്ച ചൈനയിലെ സെന്ഷനില് നടത്തുന്ന ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടക്കുക. (Trump, Putin and Xi plan historic joint meeting in China)
ലോകത്തിലെ പ്രധാനപ്പെട്ട ആണവ ശക്തി രാജ്യങ്ങളുടെ തലവന്മാര് നടത്തുന്ന ഈ ചരിത്ര കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം ഏറെയാണ്. ആണവനിര്‍വ്യാപനം, റഷ്യ-യുക്രൈന് യുദ്ധം, ഇറാനെതിര അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങള്‍, തുടങ്ങിയവ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവായുധ ഉടമ്പടി അവസാനിച്ച് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2026 ഫെബ്രുവരിയിലാണ് ഈ ഉടമ്പടിയുടെ കാലാവധി അവസാനിച്ചത്. അത് ഒരു വര്‍ഷം കൂടി നീട്ടണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.
ഈ മൂന്ന് രാജ്യങ്ങളുടേയും ആണവായുധ ശേഖരം സംബന്ധിച്ച ധാരണകളില്‍ എത്താനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ എന്തെങ്കിലും തരത്തിലുള്ള കരാറുകളില്‍ എത്താനുള്ള സാധ്യത കുറവാണ് എന്നിരിക്കിലും മൂന്ന് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുക എന്നതാകും ലക്ഷ്യമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
