മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. മുംബൈ പൊലീസ് കമ്മീഷണര്‍ ഇദ്ദേഹത്തിനെതിരെ സമര്‍പ്പിച്ച അഴിമതിയാരോപണ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് രാജി. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറിയതായി എന്‍.സി.പി നേതാവ് നവാബ് മാലിക് പറഞ്ഞു.

പൊലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടു എന്ന പരാതിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്.മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതാണ് ദേശ്മുഖിന്റെ രാജിയിലേക്ക് നയിച്ചത്. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് പ്രാഥമിക അന്വേഷണം നടത്താനും 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.

ഡോ. ജയശ്രീ പാട്ടീല്‍ ആണ് ആഭ്യന്തരമന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങളില്‍ 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ അനന്തര നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ആള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാണെന്നും, അതിനാല്‍ പൊലീസിന്റെ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവുമാകില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹോട്ടലുകളിലും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരംബീര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ അടക്കം മന്ത്രി അഴിമതി നടത്തുന്നുവെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *