തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. കെപിസിസിയുടെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരത്തെ ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് സുഹൈൽ ഷാജഹാൻ ഇന്നലെ (നവംബർ 17) രാവിലെ അറസ്റ്റിലായത്.

ക്ലിനിക്കിനെതിരെ ‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിനായി പത്ത് ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. പണം നൽകാൻ വിസമ്മതിച്ചതോടെ മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ക്ലിനിക്ക് ഉടമ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ നിർദേശപ്രകാരം പണം നൽകാമെന്ന് ഉറപ്പുനൽകി സുഹൈലിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും, പണം കൈപ്പറ്റുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സുഹൈൽ ഷാജഹാന്റെ ഇടപാടുകളിലും ബന്ധങ്ങളിലും ദുരൂഹതയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. എംപിയുടെ ബോർഡ് വെച്ച വാഹനത്തിൽ എംപി ഇല്ലാതെ സ്ഥിരമായി യാത്ര ചെയ്തത് സംശയത്തിന് ഇടയാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ക്വട്ടേഷനുകൾ പിടിക്കാൻ ഇയാൾ ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാന്റെ’ പേരിൽ ഗുണ്ടകളുടെ യോഗം വിളിച്ചതുമുതൽ സുഹൈൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂടാതെ, എകെജി സെന്റർ ആക്രമണക്കേസ് ഒരു അലങ്കാരമായി കൊണ്ടുനടന്നതായും, ചേന്തി അനിൽ വിഷയത്തിലും രമ്യ ഹരിദാസ് വിവാദത്തിലും നടത്തിയ ഇടപെടലുകൾ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ തന്നെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *