ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണം പ്രചാരണ ആയുധമാക്കാന്‍ ബിജെപി. കൃഷ്ണക്ഷേത്രം നിര്‍മ്മിക്കുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പ്രസ്താവനയില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. മഥുരയില്‍ നടന്ന ബിജെപിയുടെ ദ്വിദിന ചിന്തന്‍ ശിബിരത്തിനിടെയാണ് ഉപമുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്.

കോടതി നടപടികളിലൂടെയോ പരസ്പര ചര്‍ച്ചകളിലൂടെയോ ക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. യഥാര്‍ത്ഥ കൃഷ്ണഭക്തനാണെങ്കില്‍ അഖിലേഷ് യാദവും മുന്നിട്ടിറങ്ങണമെന്നും, അത് സമാജ്വാദി പാര്‍ട്ടിയുടെ ‘സൈക്കിള്‍’ മുങ്ങാതെ രക്ഷിച്ചേക്കുമെന്നും മൗര്യ പരിഹസിക്കുകയും ചെയ്തു. അയോധ്യ നമ്മള്‍ വീണ്ടെടുത്ത് കഴിഞ്ഞെന്നും ഇനി മഥുരയുടെ സമയമെന്നുമാണ് ആഹ്വാനം. ഇതിന് മുമ്പ് ഉത്തര്‍ പ്രദേശ് ഭരിച്ചിരുന്നത് മാഫിയ തലവന്മാരും ഗുണ്ടകളുമൊക്കെയാണെന്നും ബിജെപി വന്നതോടെ സംസ്ഥാനത്ത് ക്രമസമാധാനം പുലര്‍ന്നുവെന്നും പ്രസംഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരസ്പരം ആശയവിനിമയം നടത്തിക്കൊണ്ടും നിയമത്തിന്റെ വഴികളിലൂടെ നീങ്ങിയും അയോധ്യ രാമക്ഷേത്രത്തിന് സമാനമായി മഥുരയില്‍ ക്ഷേത്രം പണിയുമെന്നാണ് യുപി ഉപമുഖ്യമന്ത്രിയുടെ വാഗ്ദാനം. അതേസമയം മൗര്യയുടെ വാഗ്ദാനത്തിനെതിരെ വിമര്‍ശനവുമായി എസ്പിയും കോണ്‍ഗ്രസും രംഗത്തെത്തി. അയോധ്യയിലേതിന് സമാനമായി മഥുരയിലും അഴിമതിക്കും കുടിയൊഴിപ്പിക്കലിനുമാണ് ബിജെപി ശ്രമെന്ന് പ്രതിപക്ഷം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *