കണ്ണൂർ: പയ്യന്നൂർ കണ്ടോത്ത് നടന്ന സഹകരണ വാരാഘോഷത്തിനിടെ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിഷേധം. തളിപ്പറമ്പ് സർക്കിൾ യൂണിയൻ വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടകനായി ആദ്യം എം.എൽ.എയെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും, നഗരസഭാ ചെയർമാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നതെന്നുമാണ് വിവരം. പിന്നീട് മന്ത്രി ഇടപെട്ടാണ് എം.എൽ.എയെ ഉദ്ഘാടകനായി നിശ്ചയിക്കാൻ നിർദ്ദേശം നൽകിയത്.

പരിപാടിയിൽ പ്രസംഗം ആരംഭിച്ച ഉടൻ, ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എം.എൽ.എ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വേദിയിലിരുന്ന ചിലർ എഴുന്നേറ്റുനിന്ന് പ്രതിഷേധിക്കുകയുണ്ടായി. തുടർന്ന് എം.എൽ.എ വീണ്ടും പ്രസംഗം തുടർന്നപ്പോൾ സദസിൽ നിന്ന് കൂടുതൽ പേർ എഴുന്നേറ്റുനിന്ന് പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ഇതിനിടയിൽ എം.എൽ.എയുടെ പി.എയെ സി.പി.ഐ.എം. സഹകരണ സംഘത്തിലെ ഭാരവാഹികൾ കയ്യേറ്റം ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്. പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.ഐ.എം. ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും നേരത്തെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പാർട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങളുടെ തുടർച്ചയായാണ് ഈ സംഭവങ്ങളെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *