കോഴിക്കോട് : വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നു. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെ മുതൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.
അനധികൃത പണമിടപാടുകളും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ നടപടി. കാസർകോഡ് തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ ‘സൈനബ മൻസിൽ’, ചെമ്പിരിക്ക ചന്ദ്രഗിരിയിലെ ഷാഫി ചെമ്പിരിക്കയിലിന്റെ ‘ചാപ്പ ഹൗസ്’ എന്നീ രണ്ടിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസിലാണ് പരിശോധന. കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെയുടെ (മാല കുഴിയിൽ ജൗഹർ) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട് എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ (താനാളൂർ) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. പാലക്കാട് കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്റെ കാകിടി ഹൗസിലും ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല.
