തിരുവനന്തപുരം: ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ വഞ്ചനയാണ് നടന്നതെന്ന് മന്ത്രി കെ. മുരളീധരൻ. എസ്.ഐ.ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ഗവർണർ അനുമതി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിക്കുകയും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ തട്ടിയെടുക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നും, ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് നീക്കം നടത്തിയാലും ഫലമുണ്ടാകില്ലെന്നും, അഞ്ച് വർഷം അദ്ദേഹം കാലാവധി പൂർത്തിയാക്കുമെന്നും പറഞ്ഞു. ജനാധിപത്യ രീതിയിൽ ചില വിമർശനങ്ങൾ സ്വാഭാവികമാണെങ്കിലും, ക്യാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണയോടെ ശക്തമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിലും കർശന നടപടിയുണ്ടാകുമെന്ന് മുരളീധരൻ അറിയിച്ചു.
പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ തൽക്കാലം പ്രതികരിക്കാനില്ലെന്നും പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എ.പി. അനിൽകുമാറിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത്തരം കാര്യങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നും, തനിക്കെതിരെ ഉയർന്ന വിമർശനങ്ങളൊന്നും വകവയ്ക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
