മൂന്നാർ: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യത്തിന് തുടക്കമായി. വയനാട് മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ചിന്നക്കനാലിലെ 301 കോളനിയിലെത്തിച്ചു. മൂന്നാർ ഡി.എഫ്.ഒ. സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും വയനാട്ടിൽ നിന്നുള്ള 20 അംഗ ആർ.ആർ.ടി. ടീമും ദൗത്യത്തിൽ സജീവമാണ്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ 25 ചതുരശ്ര കിലോമീറ്റർ പരിധിയിലുള്ള 17 കാട്ടാനകളിൽ ഏറ്റവും അക്രമകാരികളിലൊന്നായ ചക്കക്കൊമ്പൻ ബി.എൽ. റാം ഉൾപ്പെടെയുള്ള ജനവാസമേഖലകളിൽ സോളാർ ഫെൻസിങ്ങും മരങ്ങളും തകർക്കുന്നത് പതിവാണ്.

ചെങ്കുത്തായ ഭൂപ്രകൃതിയും ആനയിറങ്കൽ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയും മയക്കുവെടി ദൗത്യത്തിന് വലിയ വെല്ലുവിളിയാണ്. മയക്കുവെടിയേറ്റ ശേഷം ആന വെള്ളത്തിലിറങ്ങിയാൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ളതിനാൽ അനുയോജ്യമായ സ്ഥലം നോക്കിയേ വെടിവയ്ക്കാനാകൂ. ആനയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ദൗത്യം പൂർത്തിയാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

റേഡിയോ കോളർ ഘടിപ്പിച്ച് ചക്കക്കൊമ്പനെ ഇതേ മേഖലയിൽ തന്നെ തുറന്നുവിടുന്നതിനെതിരെ നാട്ടുകാരും ജനപ്രതിനിധികളും ശക്തമായ പ്രതിഷേധത്തിലാണ്. അരിക്കൊമ്പനെ മാറ്റിപ്പാർപ്പിച്ചതുപോലെ ചക്കക്കൊമ്പനെയും നാടുകടത്തണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ നിലവിലെ പ്രോട്ടോക്കോൾ പ്രകാരം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുക മാത്രമാണ് ആദ്യഘട്ടത്തിൽ ചെയ്യാനാകുകയെന്നാണ് വനംവകുപ്പിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *