നടപടി 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതിൽ
കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ്സിൽ താഴെയുള്ള വ്യക്തി മദ്യപിച്ചതിന് അബ്കാരി ആക്ട് പ്രകാരമാണ് നടപടി. അപകടക്കേസിൽ ജാമ്യത്തിലിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. അപകടദിവസം ഒരു ബാറിൽ നിന്ന് മാത്രം ഇയാൾക്ക് ഏകദേശം 4,500 രൂപയുടെ മദ്യപാന ബില്ല് വന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സുഹൈൽ സജീവ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. 36 ദിവസത്തെ തടവിന് ശേഷമായിരുന്നു മോചനം. മജിസ്ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇയാൾ ജാമ്യം നേടിയത്. കേസിലെ മറ്റ് പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും, 10 ദിവസത്തിന് ശേഷം മാത്രമേ സുഹൈലിനെ മോചിപ്പിക്കാവൂ എന്ന കോടതി വ്യവസ്ഥയെ തുടർന്നാണ് ജാമ്യം വൈകിയത്.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സുഹൈൽ സജീവ് മദ്യപിച്ച് അമിതവേഗതയിൽ ഓടിച്ച മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേരാണ് മരിച്ചത്. സുഹൈലിനെതിരെ നരഹത്യാ കുറ്റവും കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
