തിരുവനന്തപുരം: രാജ്മോഹൻ ഉണ്ണിത്താൻ്റെ വിമർശനത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് നാദാപുരം എംഎൽഎ കെഎം അഭിജിത്ത്. വ്യക്തിതാത്പര്യങ്ങൾക്ക് അപ്പുറം പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ച നേതാവാണ് ഷാഫിയെന്നും ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെന്നും കെഎം അഭിജിത്ത് ഫേസ് ബുക്കിൽ കുറിച്ചു. വിദ്യാർത്ഥി കാലം മുതലേ ഷാഫി പാർട്ടിക്കുവേണ്ടി പോരാടി. ആത്മാർത്ഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേർന്നപ്പോൾ യൂണിറ്റ്, മണ്ഡലം, ജില്ലാ,സംസ്ഥാന,ദേശീയ പദവികൾ ഒന്നൊന്നായി വന്നുചേർന്നെന്നും, ഒന്നും ചോദിച്ചു വാങ്ങിയില്ലെന്നും അഭിജിത്ത് കുറിച്ചു.

2011 ൽ പാലക്കാട് നിയോജകമണ്ഡലം തിരിച്ചു പിടിക്കാൻ ആരെന്ന ചോജ്യത്തിന് ഷാഫി മാത്രമായിരുന്നു ഉത്തരമെന്നും ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങൾ ഷാഫിയുടെ പിന്നിൽ അണിനിരന്നെന്നും അഭിജിത്ത് ചൂണ്ടിക്കാട്ടി. പാർട്ടി പ്രതിസന്ധിയിലാ യിരുന്ന കാലത്തെല്ലാം ഷാഫി കേരളത്തിലുടനീളം ഓടിനടന്നു, ഇന്ത്യൻ യൂത്ത് കോൺഗ്രസിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റിയെന്നും അഭിജിത്ത് പ്രശംസിച്ചു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഷാഫിയുടെ പങ്ക് ഉയർത്തിക്കാട്ടിയ കെഎം അഭിജിത്ത് യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളിൽ ഷാഫിക്ക് വലിയൊരു പങ്കുണ്ടെന്നും കുറിച്ചു. വ്യക്തി താൽപര്യങ്ങൾക്കപ്പുറം പാർട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഷാഫിയെ മറക്കരുതെന്നും അഭിജിത്ത് ഒർമിപ്പിച്ചു. അതേസമയം രാജ്മോഹൻ ഉണ്ണിത്താനെയും കെഎം അഭിജിത്ത് ഫേസ് ബുക്ക് പോസ്റ്റിൽ ലക്ഷ്യംവെച്ചു; ‘വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി നമ്മെ സ്നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്,പ്ലീസ്. ഇത് ഓരോ സാധാരണ പ്രവർത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്.’ അഭിജിത്ത് കുറിച്ചു.

കെ എം അഭിജിത്തിന് പുറമേ സന്ദീപ് വാര്യരും റിജിൽ മാക്കുറ്റിയും ഷാഫിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.ഷാഫി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവെന്നും യുഡിഎഫ് ഭരണത്തിലേറിയതില്‍ ഷാഫി നടത്തിയ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ സ്ഥാനമുള്ള നേതാക്കളില്‍ ഒരാളാണ് ഷാഫിയെന്നും എതിരാളികള്‍ക്ക് കൊത്തിവലിക്കാന്‍ ഷാഫിയെ ഇട്ടുകൊടുത്ത എംപിയുടെ നടപടി പൈശാചികമാണെന്നും റിജിൽ മാക്കുറ്റി ഫേസ് ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *