തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ പ്രതികൾക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയതായും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി, രമേശ് ചെന്നിത്തലയ്ക്കെതിരായ തുടർനടപടികൾ അവസാനിപ്പിച്ചു. 2013-ൽ ടൈറ്റാനിയത്തിലെ മുൻ ജീവനക്കാരനായ ജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്.

ടൈറ്റാനിയത്തിലേക്ക് മാലിന്യ സംസ്കരണ യന്ത്രം വിദേശ കമ്പനിയായ മെക്കോണിൽ നിന്ന് ഇറക്കുമതി ചെയ്തതിൽ 68 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു ആരോപണം. 2006-ൽ അധികാരത്തിലിരുന്ന ഇടതുസർക്കാരാണ് കേസെടുത്ത് ആദ്യം വിജിലൻസ് അന്വേഷണത്തിന് കൈമാറിയത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.കെ. ഇബ്രാഹിം കുഞ്ഞ്, ടൈറ്റാനിയം ഉദ്യോഗസ്ഥർ എന്നിവരടക്കം ആറ് പേരായിരുന്നു കേസിലെ പ്രതികൾ. കെപിസിസി പ്രസിഡന്റ് എന്ന നിലയിലായിരുന്നു രമേശ് ചെന്നിത്തലയെയും കേസിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, വിവാദ തീരുമാനമെടുക്കുന്ന സമയത്ത് താൻ കെപിസിസി പ്രസിഡന്റ് ആയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല നേരത്തെ തന്നെ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *