ഇടുക്കി: തൊടുപുഴയിലൂടെ കടന്നുപോകുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രം സജ്ജമാക്കി. നഗരസഭാ ഓഫീസിന് സമീപം ഒരുക്കിയ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു.

തീർത്ഥാടകർക്കായി കുടിവെള്ളം, ഫാൻ, മൊബൈൽ ഫോൺ ചാർജിങ് യൂണിറ്റ്, അടിയന്തര മെഡിക്കൽ സഹായം, നഗരസഭയുടെ ആംബുലൻസ് സേവനം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർഫോഴ്‌സ് സഹായവും ഹെൽപ്പ് ലൈൻ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. സമീപത്തെ നഗരസഭാ ടോയ്‌ലറ്റ് ഉപയോഗിക്കാനും നഗരസഭയുടെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.

തീർത്ഥാടകർക്കായി SARAN ആപ്പിന്റെ ക്യു.ആർ. കോഡും വിശ്രമകേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. തീർത്ഥാടന പാതകളിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ആറ് ഭാഷകളിൽ ആപ്പിലൂടെ ലഭിക്കും.

ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ. ദീപക് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഗോപാലകൃഷ്ണൻ, നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. സുധാകരൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാഹുൽ ഹമീദ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുബൈദ സേതു മുഹമ്മദ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ മേഴ്സി സെബാസ്റ്റ്യൻ, വിദ്യാഭ്യാസ-കലാ-കായികകാര്യ സ്ഥിരംസമിതി അധ്യക്ഷ റംസിയ നിയാസ്, തൊടുപുഴ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മനേഷ് പൗലോസ്, ഫയർ സ്റ്റേഷൻ ഓഫീസർ ജയറാം ടി.കെ., തൊടുപുഴ താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ ദീപ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാർ, വിവിധ ക്ഷേത്ര ഭാരവാഹികൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ :ശബരിമല തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്യുന്നു.

(ഐ.ഡി കെ.പിആർ 122/11/26)

Leave a Reply

Your email address will not be published. Required fields are marked *