കുന്ദമംഗലം: യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് കുന്ദമംഗലം പുതിയ ബസ് സ്റ്റാൻഡിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
വിലക്കയറ്റം, അഴിമതി, ധൂർത്ത്, പോലീസ് രാജ്, പട്ടിണി മരണം, തമ്മിൽത്തല്ല്, കാവിവൽക്കരണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധ കൂട്ടായ്മ.
കേരളത്തിലെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട മന്ത്രിസഭയിൽ പച്ചക്കള്ളം പറയാൻ മാത്രം വായ് തുറക്കുന്ന മുഖ്യമന്ത്രിയാണ് വിസ്മയമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് ആരോപിച്ചു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയാത്തതും മതനിരപേക്ഷ പാരമ്പര്യമുള്ള കേരളത്തെ ആർഎസ്എസിന് അടിയറവെച്ചതും മുഖ്യമന്ത്രിയുടെ മറ്റൊരു വിസ്മയമാണെന്നും അദ്ദേഹം വിമർശിച്ചു.
ചൂലൂർ നാരായണൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ്, പി.കെ. പ്രേംനാഥ്, ബാബു പറശ്ശേരി, എം. ബാലസുബ്രഹ്മണ്യം, പി. ഷൈജു, മുക്കം മുഹമ്മദ്,വി അനിൽകുമാർ,എം എം സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.
