കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ട് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2022ലാണ് ലിജു കൃഷ്ണയ്ക്കെതിരെ കൊച്ചി ഇൻഫോ പാർക്ക് പോലീസ് കേസെടുത്തത്. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ.
2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കൊച്ചി സ്വദേശിനിയുടെ പരാതി. കണ്ണൂരിലെ സിനിമാ ചിത്രീകരണ സ്ഥലത്തുനിന്നാണ് ഇൻഫോപാർക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. ലിജുവിന്റെ ആദ്യ സംവിധാന ചിത്രമായ ‘പടവെട്ടി’ന്റെ ചിത്രീകരണത്തിനിടെയായിരുന്നു അറസ്റ്റ്. തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു.
വിധിയിൽ സന്തോഷമുണ്ടെന്നും വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും ലിജു പ്രതികരിച്ചു. കലാകാരൻ എന്ന നിലയിൽ വിലപ്പെട്ട വർഷങ്ങളാണ് നഷ്ടമായത്. കേസിനെത്തുടർന്ന് കുടുംബത്തിനും വലിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നു. സംവിധായിക ഗീതു മോഹൻദാസിന്റെ ഈഗോയുടെ ഫലമായാണ് പരാതി ഉയർന്നതെന്നും ലിജു ആരോപിച്ചു. ഡബ്ല്യുസിസിയോടും സംഘടനയുടെ പ്രവർത്തനങ്ങളോടും ബഹുമാനമുണ്ടെന്നും എന്നാൽ അനാവശ്യ ഇടപെടലുകളിലൂടെ നീതി നിഷേധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
