മതപരിവർത്തനം ആരോപിച്ച്​ മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു.വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്.​ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. എട്ട്​ വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബജ്രംഗ്ദൾ,വി എച്ച്പി പ്രവർത്തകരാണെന്നാണ് ആരോപണം.
സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങളിൽ ഇതിനകം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. സ്കൂളിലുണ്ടായിരുന്ന വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ്​ അക്രമകാരികളിൽനിന്ന്​ രക്ഷപ്പെട്ടത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നത്.

അതേസമയം മതപരിവർത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്‌റംഗ്ദൾ യൂനിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കിൽ സ്‌കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്കൂൾ മാനേജ്മെന്‍റിനെ ചോദ്യം ചെയ്യുമെന്ന്​ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *