വോട്ടെടുപ്പ് ദിവസം കായംകുളത്ത് കോൺഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് കുടുംബവഴക്കിനെ തുടർന്ന്. രാഷ്ട്രീയ സംഘർഷത്തിൽ അല്ലെന്ന് വെളിപ്പെടുത്തൽ. പരിക്കേറ്റ് ചികിത്സയിലുളള കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം പറഞ്ഞത്. കുടുംബവഴക്കിനെ തുടർന്നാണ് സോമന് പരിക്കേറ്റതെന്നാണ് രാജി പറയുന്നത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും രാജി പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിന് വേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്‍ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമന് പരിക്കേല്‍ക്കുകയായിരുന്നെന്നും രാജി പറയുന്നു.രാജി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായി എന്ന വാര്‍ത്ത പുറത്തുവന്നത്.വോട്ടെടുപ്പ് ദിവസം തന്നെ കായംകുളത്തുണ്ടായ യു.ഡി.എഫ്-സി.പി.ഐ.എം സംഘര്‍ഷത്തിന് പിന്നാലെ രണ്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.
പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്ത് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫ്സല്, നൗഫല്‍ എന്നിവര്‍ക്കാണ് നേരത്തെ വെട്ടേറ്റത്. അഫ്സലിന് തലയ്ക്കാണ് വെട്ടേറ്റത്. തുടര്‍ന്ന് അഫ്സലിനെ വണ്ടാനം മെഡിക്കല്‍ കോളേജിലെക്ക് മാറ്റി.
ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
