ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വനിതാ സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ബദൗണിലെ ഷേഖ്പൂർ നിയമസഭയിൽ നിന്നുള്ള സ്ഥാനാർത്ഥി ഫറാ നയീമാണ്
ജില്ലാ പാർട്ടി പ്രസിഡന്റ് ഓംകാർ സിംഗിൻ്റെ സ്ത്രീവിരുദ്ധ പെരുമാറ്റവും മുസ്ലീങ്ങളോടുള്ള വിവേചനവും ആരോപിച്ച് പിന്മാറിയത്. .
‘പാർട്ടിയുടെ ബദൗൺ യൂണിറ്റിൽ സ്ത്രീകൾ സുരക്ഷിതരല്ല. തന്നെയും മറ്റ് സ്ത്രീകളെയും അവഹേളിക്കാൻ ഓംകാർ സിംഗ് ശ്രമിച്ചു. എല്ലാ സമുദായത്തിന്റെയും വോട്ട് കോൺഗ്രസിന് വേണമെങ്കിൽ മുസ്ലീം സ്ത്രീകൾക്ക് ടിക്കറ്റ് നൽകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓംകാർ സിംഗ് ഭീഷണിപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തവിധം തന്റെ പ്രതിച്ഛായ മോശമാക്കാനും ജില്ലാ പാർട്ടി അധ്യക്ഷൻ ശ്രമിച്ചു. ഇങ്ങനെയുള്ളവർ ഈ പാർട്ടിയുടെ ഭാഗമായി തുടർന്നാൽ ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഞാൻ കോൺഗ്രസ് അംഗത്വവും രാജിവെക്കുന്നു.” നയീം എഎൻഐയോട് പറഞ്ഞു.
“എനിക്ക് അങ്ങേയറ്റം വേദനയുണ്ട്, പക്ഷേ ഞാനൊരു സ്ത്രീയായതിനാൽ ഇതിനെതിരെ പോരാടാൻ തീരുമാനിച്ചു. സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലായ്മയും ഒറ്റപ്പെടലും അനുഭവപ്പെടുന്ന മേഖലകളിൽ ഞാൻ എന്റെ സേവനം തുടരും.” – ഫറ നയീം പറഞ്ഞു. കോൺഗ്രസ് പാർട്ടിക്ക് കീഴിൽ പ്രവർത്തിച്ചതിൽ ഖേദമുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. എന്നിരുന്നാലും, ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയാനുള്ള ശക്തി നൽകിയതിന് പ്രിയങ്ക ഗാന്ധിക്ക് അവർ നന്ദി പറഞ്ഞു.
വ്യാഴാഴ്ച പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഫറാ നയീമിനെ നീക്കം ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഒരു പത്രക്കുറിപ്പ് പുറത്തിറക്കി. ഫറായ്ക്ക് പകരം മംമ്താ ദേവി പ്രജാപതിയാണ് പുതിയ സ്ഥാനാർത്ഥി. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ 7 ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നത്. 2022 മാർച്ച് 10 ന് വോട്ടെണ്ണും.