ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിൽ കര്‍ശന കൊവിഡ്-19 നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കൊവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്.
45 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. 45 വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. ആര്‍ടിപിസിഈആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പൂരത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങുകളും മുടക്കമില്ലാതെ നടത്തും. ആനകളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. വെടിക്കെട്ടും കുടമാറ്റവും എല്ലാം പ്രൗഢി ചോരാതെ നടത്തുമെന്നും ദേവസ്വങ്ങള്‍ അറിയിച്ചു.
പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണാതീതമാകുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നത് വലിയ വിപത്തിലേക്ക് നയിക്കുമെന്നായിരുന്നു തൃശൂര്‍ ഡിഎംഒ പറഞ്ഞത്.
കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. വിഷയത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് വ്യക്തമാക്കിയ ഡിഎംഓ ഇനി എന്തു സംഭവിച്ചാലും ആരോഗ്യ വകുപ്പിന് ഉത്തരവാദിത്തമില്ലെന്നും അറിയിച്ചിരുന്നു,
എന്നാല്‍ ഡിഎംഒയുടെ വാക്കുകളെ തള്ളുകയാണ് പാറമേക്കാവ് ദേവസ്വം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണെന്നും, ജനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാണെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞത്. പിന്നാലെ ഇത്തവണത്തെ തൃശൂര്‍ പൂരം സര്‍ക്കാര്‍ നടത്തുമെന്ന്് മന്ത്രി സുനില്‍കുമാറും അറിയിക്കുകയായിരുന്നു.
