തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ പൂരം നടത്തിപ്പിന് തടസമാകുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഇക്കാര്യങ്ങള്‍ നാളെ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ പങ്കെടുക്കുന്ന യോഗത്തില്‍ പൂരം നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനമാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി.
രണ്ട് ഡോസ് കോവിഡ് വാക്സിന് എടുത്തവര്‍ക്ക് മാത്രം പൂരത്തിന് പ്രവേശനം നല്‍കാമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിബന്ധന മാറ്റണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ഒറ്റ ഡോസ് വാക്സിന് എടുത്തവരെയും പരിഗണിക്കണമെന്നാണ് ഇവരുടെ നിലപാട്. പാപ്പാന്മാര്ക്ക് ഇളവ് നല്‍കണം. എല്ലാ പാപ്പാന്മാരും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് നെഗറ്റീവാണെന്ന് തെളിയിച്ചാല്‍ മാത്രം ആനയുമായി പൂരത്തിന് എത്താന്‍ അനുമതി നല്‍കാം എന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, ലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് ദേവസ്വം അധികൃതര്‍ മുന്നോട്ടുവച്ച ആവശ്യം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെയാണ് നാളെ ചര്‍ച്ച ചെയ്യുക.
പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതല്‍ ലഭിക്കും. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്ത് മണി മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനേഷന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്ട്രേഷന് ലിങ്കില്‍ മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കോവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേഷന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.
