കോൺഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന് പാ‍ർട്ടിയിലെ വിമതരുടെ കൂട്ടായ്മയായ ജി23. ഇന്ന് ജി 23 നേതാവായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിയെ കണ്ടേക്കും. ജി 23 യോഗത്തിൽ നേതാക്കളുന്നയിച്ച പൊതുവികാരം ഇടക്കാല അധ്യക്ഷയെ അറിയിക്കാനാണ് കൂടിക്കാഴ്ച. കേരളത്തിൽ നിന്ന് ശശി തരൂരും പി ജെ കുര്യനും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു. വ്യാഴാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കും.

ബിജെപിക്ക് ബദലായി കോൺഗ്രസ് വളരേണ്ടത് അത്യാവശ്യമാണ്. ഇതിനായി കോൺഗ്രസ് രാജ്യത്ത് ശക്തമായ സ്വാധീനമായി ഇനിയും ഉയരേണ്ടതുണ്ട്. അതിനാൽ സമാനമനസ്കരായ പാർട്ടികളുമായി കോൺഗ്രസ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ജി-23 നേതാക്കൾ ആവശ്യമുയർത്തിയിട്ടുണ്ട്

കപില്‍ സിബല്‍, ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗര്‍ ഭട്ടല്‍, അഖിലേഷ് പ്രസാദ് സിങ്, പൃഥിരാജ് ചവാന്‍, പി.ജെ.കുര്യന്‍, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ, രാജ് ബബ്ബാര്‍ തുടങ്ങിയ നേതാക്കളാണ് ജി 23 യോഗത്തില്‍ പങ്കെടുത്തത്.

കപില്‍ സിബലിന്റെ വസതിയിലായിരുന്നു ആദ്യം യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തിന് നേരെ നിശിതമായ പരസ്യ വിമര്‍ശനം സിബല്‍ നടത്തിയതില്‍ വിമതരില്‍ ചിലര്‍ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് യോഗം ഗുലാംനബി ആസാദിന്റെ വീട്ടിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *