കൊവിഡ് പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കവെ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം നടത്താനാകുമെന്ന്‌ ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

യുദ്ധകാല അടിസ്ഥാനത്തില്‍ കൊവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടുപോകാന്‍ പഞ്ചായത്ത് തലം മുതല്‍ ബോധവല്‍ക്കരണം നടത്തണം. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷൂറന്‍സ് കാലാവധി നീട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവര്‍ത്തകര്‍ കൊവിഡ് രോഗികള്‍ക്ക് സഹായം നല്‍കാന്‍ രംഗത്തിറക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കാസര്‍ഗോഡ് കളക്ടറുടെ പുതിയ നിര്‍ദ്ദേശത്തോടും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു കളക്ടര്‍മാര്‍ ഇഷ്ടാനുസരണം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞു.ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കോണ്‍ഗ്രസ് മുഖപത്രത്തിന്റെ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് തിരിച്ച് വരണമോ എന്ന് തീരുമാനിക്കേണ്ടത് ചെറിയാന്‍ ഫിലിപ്പാണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

സിപിഐഎം അദ്ദേഹത്തെ പരിഗണിക്കേണ്ടതായിരുന്നു. പരിഗണിക്കാതിരുന്നത് ശരിയായില്ല. കോണ്‍ഗ്രസ്സില്‍ വരാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് വിട്ടു പോകുന്നവര്‍ ചെറിയാന്‍ ഫിലിപ്പിന്റെ അനുഭവം മനസ്സിലാക്കുമെന്നും രമേശ് ചെന്നത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *