ഗുജറാത്തില്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താന്‍ തീരുമാനം.ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിത്തു വഘാനിയാണ് ഭഗവത് ഗീത ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് ഭഗവത് ഗീതയില്‍ താത്പര്യം വളര്‍ത്തുന്ന തരത്തിലായിരിക്കും ആറാം ക്ലാസ് പാഠപുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തുക എന്നും മന്ത്രി പറഞ്ഞു.ഗുജറാത്തില്‍ വിദ്യാഭ്യാസ ബജറ്റിലെ ചര്‍ച്ചയ്ക്കിടെയാണ് വഘാനി പ്രഖ്യാപനം നടത്തിയത്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പെടെ സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഭഗവത് ഗീത ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.ആത്മാഭിമാനവും രാജ്യത്തിന്റെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തീരുമാനം എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.അതേസമയം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *