കൊവിഡ് പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്.രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഓക്സിജന്‍,വാക്സിനേഷന് എന്നിവയിലെ ദേശീയ നയം തങ്ങള്‍ക്ക് അറിയണമെന്ന് കോടതി ആവശ്യപ്പെട്ടു.
ആശുപത്രികളിലെ ഓക്സിജന്‍, കിടക്കകള്‍, ആന്റി വൈറല്‍ മരുന്നായ റെംഡെസിവിര്‍ എന്നിവയുടെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജികള്‍ രാജ്യത്തെ ആറ് ഹൈക്കോടതികള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു
ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന് രീതി എന്നിവയെക്കുറിച്ച് കോടതിയ്ക്കറിയണമെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ട നിലപാട് സ്വീകരിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഓക്സിജൻ വിതരണത്തിൽ ഉണ്ടാക്കുന്ന വീഴ്ചയിൽ കേന്ദ്ര സർക്കാരിനെ കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ പാളിച്ചകൾക്ക് ഉത്തർപ്രദേശ് സർക്കാരിനെ അലഹബാദ് ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു
ഓക്സിജന്‍ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെ എങ്ങനെയാണ് കേന്ദ്രത്തിന് ഇങ്ങനെ അവഗണിക്കാന്‍ സാധിക്കുന്നതെന്നും കോടതി ചോദിച്ചു. പൗരന്മാര്ക്ക് സര്‍ക്കാരിനെ തന്നെയല്ലേ ആശ്രയിക്കാന്‍ സാധിക്കൂ. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നിങ്ങള്‍ യാചിക്കുകയോ കടം വാങ്ങുകയോ മോഷ്ടിക്കുകയോ എന്ത് ചെയ്തിട്ടായാലും ജനങ്ങള്‍ക്ക് ഓക്സിജന്‍ എത്തിക്കണമെന്ന് കോടതി പറഞ്ഞു.
