സംസ്ഥാന സര്‍ക്കാര്‍ കൊവിഡ്- 19 വാക്സിൻ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വാക്സിന്റെ വിലയായി ദുരിതാശ്വാസ നിധിയിലേയ്ക്ക് ജനങ്ങൾ സംഭാവന ചെയ്യാൻ ആരംഭിച്ചിരുന്നു. ഔദ്യോഗികമായി ഒരു ആഹ്വാനവുമില്ലാതെയായിരുന്നു വാക്സിൻ ചലഞ്ച് കേരളം ഏറ്റെടുത്തത്. സോഷ്യൽ മീഡിയ വഴി ആരംഭിച്ച പ്രചരണം ആളുകൾ ഏറ്റെടുത്തതോടെ ഇത് ദേശീയ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും വാക്സിൻ ചലഞ്ചിൽ പങ്കെടുത്തിരിക്കുകയാണ്. മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയിൽ നിന്നാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത്.
മകളുടെ വിവാഹ ചടങ്ങുകള്‍ക്കായി മാറ്റിവെച്ച തുകയിൽ നിന്നും 50,000 രൂപയാണ് ജോസ് കെ മാണി വാക്സിന് ചാലഞ്ചില്‍ പങ്കെടുത്തുകൊണ്ട് കൈമാറിയിരിക്കുന്നത്. മകളുടെ വിവാഹ ചടങ്ങ് നിലവിലെ സാഹചര്യത്തിൽ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചുകൊണ്ടാണ് 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതെന്ന് അദ്ദേഹം അറിയിച്ചതായി വിവിധ ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വാക്സിൻ ചലഞ്ചിലേക്ക് പണം നൽകിയതിന് പിന്നാലെ തങ്ങളാൽ കഴിയുന്ന സഹായം എല്ലാവരും ചെയ്യണമെന്ന് ജോസ് കെ മാണി ആഹ്വാനവും ചെയ്തു.
