രാജ്യത്ത് കോവിഡ് വാക്സിന് വിതരണം കുറ്റമറ്റതാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ ജനുവരി 2-ന് ഡ്രൈറണ്‍ നടക്കും. എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിന് ഡ്രൈ റണ്‍ നടക്കുക. ഇതിന്റെ പ്രക്രിയ തീരുമാനിക്കുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി അധ്യക്ഷനായ ഉന്നതതലയോഗം നടന്നു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
നാല് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 28, 29 തീയതികളില്‍ നടന്ന വാക്സിന് ഡ്രൈ റണ്ണിന്റെ പ്രക്രിയ സുഗമമായി മുന്നോട്ടുപോയെന്നും, തടസ്സങ്ങളുണ്ടായില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. നിലവില്‍ നിശ്ചയിച്ച വാക്സിന് വിതരണരീതിയിലെ പാകപ്പിഴകള്‍ കണ്ടെത്താനുള്ളതാണ് ഡമ്മി കൊവിഡ് വാക്സിനുകള്‍ പങ്കെടുക്കുന്നവര്‍ക്ക് എത്തിക്കുന്ന പ്രക്രിയ.
രണ്ട് ദിവസത്തെ വാക്സിന് വിതരണത്തിനുള്ള മോക്ക് ഡ്രില്‍ എന്ന് വിളിക്കാവുന്ന ഡ്രൈ റണ്‍ വിജയം കണ്ടതിലൂടെ, രാജ്യം വാക്സിന് വിതരണത്തിന് തയ്യാറാണെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രാലയം പറയുന്നു. ഡ്രൈ റണ്‍ നടന്ന നാല് സംസ്ഥാനങ്ങളും പ്രക്രിയയില്‍ തൃപ്തി രേഖപ്പെടുത്തി. വാക്സിന് പുതുവര്‍ഷസമ്മാനമായി വരുമെന്ന സൂചനകളും കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്നു.
ഇന്ത്യയില്‍ മൂന്ന് വാക്സിനുകള്‍ക്ക് അനുമതി നല്‍കാമോ എന്ന് പരിശോധിക്കുന്ന വിദഗ്ധസമിതി നാളെ യോഗം ചേരാനിരിക്കുകയാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഫൈസര്‍ എന്നീ കമ്പനികളുടെ വാക്സിനുകളാണ് വിദഗ്ധസമിതിക്ക് മുന്നിലുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സഫഡ് സര്‍വകലാശാലയുമായും ആസ്ട്രാസെനകയുമായും സഹകരിച്ച് നിര്‍മിച്ച കൊവിഷീല്‍ഡിനാണ് ഇതില്‍ അനുമതി കിട്ടാന്‍ സാധ്യത കൂടുതല്‍ കല്പിക്കപ്പെടുന്നത്.
വാക്സിന് ടെസ്റ്റിംഗിന്റെ ഫലങ്ങള്‍ അടങ്ങിയ കൃത്യമായ ഡാറ്റ ഫൈസര്‍ ഇതുവരെ കൈമാറിയിട്ടില്ല. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുമില്ല.