കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ക്യാമ്പസ് സന്ദർശത്തിന് അനുമതി നിഷേധിച്ച് ഉസ്മാനിയ സർവകലാശാല. സംഭവത്തിൽ പ്രതിഷേധിച്ച് അറസ്റ്റിലായ എന്‍എസ്‌യു നേതാക്കളെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലിൽ പിസിസി അധ്യക്ഷനൊപ്പം രാഹുൽ ഗാന്ധി സന്ദര്‍ശിച്ചു.
ഇന്ന് നടക്കാനിരുന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍,2017 മുതല്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദി നല്‍കരുതെന്ന് തീരുമാനം എടുത്തിട്ടുണ്ടെന്ന് സര്‍വകലാശാല അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചത്. അനുമതി നിഷേധിച്ചതോടെ എന്‍എസ്‌യു നേതാക്കള്‍ പ്രതിഷേധം നടത്തുകയും അവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ജയിലിലുള്ള വിദ്യാര്‍ത്ഥി നേതാക്കളെ സന്ദര്‍ശിക്കാന്‍ സംസ്ഥാന നേതൃത്വം അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ വരെ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇന്ന് രാവിലെയോടെയായിരുന്നു സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. അദ്ദേഹത്തിന്റെ കൂടെ പിസിസി അധ്യക്ഷന്‍ രേവന്ത് റഡ്ഡിക്കും മറ്റ് രണ്ട് നേതാക്കള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. രാഹുല്‍ ജയില്‍ സന്ദര്‍ശിക്കുന്ന വീഡിയോ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പങ്കുവെച്ചു.

വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനോട് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ രാഹുല്‍ ഗാന്ധി ഇവരെ ജയില്‍ സന്ദര്‍ശിക്കുമെന്ന് രേവന്ത് റഡ്ഡി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *