മാധ്യമങ്ങള്‍ക്കു മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവയ്ക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കകത്ത് പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ഒരു പൊതുപരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.
മാധ്യമങ്ങള്‍ മുഖേന പരാതി ഉന്നയിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും. അല്ലാതെ വര്‍ഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടര്‍ന്നും ലഭിക്കുകയില്ല. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും തുടര്‍നടപടികളുണ്ടാവുക. സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ വേണ്ടി തെലങ്കാനയിലെ എല്ലാ യുവതി യുവാക്കളേയും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയാണ്. കോണ്‍ഗ്രസിന് നഷ്ടങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ സത്യത്തിന് വേണ്ടി പോരാടാന്‍ ഇതുവരെ അണികള്‍ക്കൊപ്പമാണ് നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിവിധ പരിപാടികള്‍ക്കായി എത്തിയതാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സന്ദര്‍ശനത്തിന്റെ ഭാഗമായി തെലങ്കാനയിലെത്തിയത്.
