സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി മുകുള്‍ ഗോയലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി യോഗി സര്‍ക്കാര്‍. സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നല്‍കി. ജോലിയില്‍ താത്പര്യം കാണിക്കുന്നില്ലെന്നും ഗോയലിനെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ഗോയലിന് പകരം പ്രശാന്ത് കുമാറിനെ തല്‍സ്ഥാനത്തേക്ക് നിയമിക്കും. കഴിഞ്ഞ മാസം സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇത് യോഗി ആദിത്യനാഥിന് അതൃപ്തിയുണ്ടാക്കിയെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സ്ഥലമാറ്റം.

രണ്ടാം യോഗിസര്‍ക്കാര്‍ അധികാരമേറ്റ ശേഷം യു.പി.യില്‍ അക്രമസംഭവങ്ങളും കുറ്റകൃത്യങ്ങളും പെരുകിയെന്ന് പ്രതിപക്ഷം മുറവിളി കൂട്ടിവരികയായിരുന്നു. സംസ്ഥാനത്ത് ഈയിടെ നടന്ന ചില അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസ്വസ്ഥത പ്രകടിപ്പിച്ചു. ഉന്നതതലയോഗങ്ങളില്‍ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് ഡി.ജി.പി.യുടെപേരില്‍ നടപടിയുണ്ടായത്.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയല്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഉത്തര്‍പ്രദേശ് പൊലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ആയി നിയമിതനായത്. ഈ വര്‍ഷം മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ ഉന്നത സ്ഥാനമാറ്റമാണിത്.

Leave a Reply

Your email address will not be published. Required fields are marked *