ആകാശത്ത് വെച്ച് എയര്‍ ഇന്ത്യ വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് തിരിച്ചിറക്കിയതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ320 നിയോ വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. മുംബൈ വിമാനത്താവളത്തിലാണ് ഇറക്കിയത്. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് തകരാറുണ്ടായത്.

ആകാശത്ത് വെച്ച് വിമാനത്തിന്റെ ഒരു എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായി. ടേക്ക് ഓഫ് ചെയ്ത് 27 മിനിറ്റിന് ശേഷം വിമാനം ലാന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്, മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ ബെംഗളൂരുവിലെത്തിച്ചതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

രാവിലെ 9:43 ന് മുംബൈയിലെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷം പൈലറ്റുമാര്‍ക്ക് എന്‍ജിനില്‍ ഉയര്‍ന്ന എക്സ്ഹോസ്റ്റ് വാതക താപനിലയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചു. എന്‍ജിന്‍ ഷട്ട്ഡൗണ്‍ ആയതോടെ വിമാനം 10:10 ന് മുംബൈ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. എയര്‍ ഇന്ത്യ സുരക്ഷക്ക് മുന്‍തൂക്കം നല്‍കുമെന്നും ജീവനക്കാര്‍ ഈ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥരാണെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *