കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പേരറിവാളന് കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നടപടി.
മണിച്ചന് ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിച്ച കോടതി നാല് മാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് ആരാഞ്ഞിരുന്നു. ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെങ്കില്‍ ജാമ്യം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തമുണ്ടായത്. 31 പേര് മരിച്ച ദുരന്തത്തില്‍ ആറു പേര്‍ക്ക് കാഴ്ച പോയി. 150 പേര് ചികിത്സ തേടി. വീട്ടിലെ ഭൂഗര്‍ഭ അറകളിലായിരുന്നു മണിച്ചന് വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ കലര്‍ത്തിയ വിഷസ്പിരിറ്റാണ് ദുരന്തത്തിന് കാരണമായത്. കേസില്‍ മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. വിതരണക്കാരി ഹൈറുന്നീസ 2009 ല്‍ ശിക്ഷ അനുഭവിക്കവേ മരിച്ചു. മണിച്ചന്റെ സഹോദരന്മാര്ക്ക് ശിക്ഷയിളവ് നല്കി മോചിപ്പിച്ചിരുന്നു.