അസമിൽ ജന ജീവിതം ദുരിതത്തിലാക്കി വെള്ളപ്പൊക്കം . സംസ്ഥാനത്ത് പ്രളയം ബാധിച്ചത് എട്ട് ലക്ഷം പേരെ. പ്രളയം സാരാമായി ബാധിച്ച ജമുനാമുഖ് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ 500ലധികം ആളുകള്‍ ഇപ്പോള്‍ താമസിക്കുന്നത് റെയില്‍വേ ട്രാക്കുകളിലാണ്.
ചാങ്ജുറൈ, പട്യാപഥര്‍ എന്നീ എന്നീ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കത്തിൽ വീട് നഷ്ട്ടപ്പെട്ടവർ ഷീറ്റ് കെട്ടി മറിച്ചാണ് താമസിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി സംസ്ഥാന സര്‍ക്കാരില്‍ നിന്നോ, ജില്ലാ ഭരണകൂടത്തില്‍ നിന്നോ സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്.
വെള്ള പൊക്കത്തില്‍ വീടു തകര്‍ന്നതോടെ 43ക്കാരിയായ മോണ്‍വാര ബീഗം തന്റെ കുടുംബത്തോടൊപ്പം താല്‍കാലികമായി നിര്‍മ്മിച്ച ഷെഡിലാണ് താമസിക്കുന്നത്. ‘ഞങ്ങള്‍ അഞ്ച് കുടുംബങ്ങളാണ് ഒരു ഷീറ്റിനുകീഴില്‍ താമസിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസം ഒരു മറയുമില്ലാതെയാണ് താമസിച്ചത്. പിന്നീട് കുറച്ച് പണം കടം വാങ്ങിച്ചാണ് ഷീറ്റ് വാങ്ങി എല്ലാം മറച്ചുകെട്ടിയത്,’ മോണ്‍ബാര ബീഗം പറഞ്ഞു.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. വിളവെടുപ്പിന് പാകമായ നെൽകൃഷി മുഴുവൻ നശിച്ച ബോര്‍ഡോലോ ഇനി എങ്ങനെ ഈ അവസ്ഥയിൽ നിന്ന് കരകയറുമെന്ന് അറിയില്ലെന്നാണ് പറയുന്നത്.
‘ഇവിടുത്തെ സാഹചര്യം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്. ഇവിടെ നല്ല കുടിവെള്ള സ്രോതസുകളൊന്നുമില്ല. ഒരു നേരം മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നതെന്നാണ്’ ബോര്‍ഡോലോയുടെ ബന്ധു സുനന്ദ ഡോളോയ് പറഞ്ഞു. നാല് ദിവസത്തിനുശേഷം ഇന്നലെയാണ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് കുറച്ച് അരിയും പരിപ്പും എണ്ണയും നല്‍കിയത്. എന്നാല്‍ ചിലര്‍ക്ക് അത് പോലും ലഭിച്ചിട്ടില്ലെന്നും പ്രളയബാധിതനായ നസിബുര്‍ റഹ്‌മാന്‍ പറഞ്ഞു.
അസമിൽ പ്രളയം ഇപ്പോളും തുടരുകയാണ്. മണ്ണിടിച്ചിലിലും പ്രളയത്തിലുമായി 14 പേർ ഇത് വരെ മരിച്ചു. 29 ജില്ലകളിലെ 2,585 ഗ്രാമങ്ങളിലായി എട്ട് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. 86, 772 പേരാണ് 343 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. കരസേനയും ദേശീയ ദുരന്ത നിവാരണ സേനകളും ചേര്‍ന്ന് വെള്ളപൊക്ക പ്രദേശങ്ങളില്‍നിന്ന് ബോട്ടുകളിലും ഹെലികോപ്റ്ററുകളിലുമായാണ് ആളുകളെ രക്ഷിച്ചത്.