നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകാനാകില്ല. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് സോണിയാ ഗാന്ധി ചോദ്യം ചെയ്യലിന് എത്തില്ലെന്ന് ഇ.ഡിയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.

കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ സോണിയാഗാന്ധി നേരിടുന്നുണ്ട്. ചോദ്യംചെയ്യല്‍ കുറച്ച് ആഴ്ചകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇ.ഡിയ്ക്ക് കത്തയച്ചിട്ടുണ്ട്. സോണിയാഗാന്ധി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇളവ് വേണമെന്നാണ് കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കോവിഡ് ബാധിച്ചിരുന്ന സോണിയാ ഗാന്ധിയെ പിന്നീട് കോവിഡ് അനന്തര രോഗങ്ങളെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുശേഷം മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസനാളത്തില്‍ അണുബാധ കണ്ടെത്തി. രണ്ട് ദിവസം മുമ്പായിരുന്നു സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *