മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവേ, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സന്നദ്ധത അറിയിച്ചു. കൂടാതെ, മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ‘വര്‍ഷ’ ഒഴിഞ്ഞ് സ്വവസതിയായ ‘മാതോശ്രീ’യിലേക്ക് ഉദ്ധവ് താക്കറെ പോയി. എന്നാല്‍ ഉദ്ധവ് താക്കറെയുടെ ഈ സമ്മര്‍ദ്ദതന്ത്രവും ഫലിച്ചില്ലെന്നാണ് സൂചന.

ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിലേക്ക് ഇന്ന് രാവിലെയോടെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടിയെത്തി. കുടുംബസമേതമാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്രഹോട്ടലിലേക്ക് എംഎല്‍എമാര്‍ എത്തിയത്. നിലവില്‍ ഷിന്‍ഡെ ക്യാമ്പില്‍ 33 എംഎല്‍എമാരുണ്ടെന്നാണ് സൂചന. കൂറുമാറ്റനിരോധനനിയമം ഒഴിവാകണമെങ്കില്‍ നാല് എംഎല്‍എമാരുടെ പിന്തുണ കൂടി ഷിന്‍ഡെയ്ക്ക് വേണം. ഷിന്‍ഡെയ്‌ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ കൂടിയുണ്ട്. എന്നാല്‍ ഷിന്‍ഡെയ്‌ക്കൊപ്പം ഇപ്പോഴുള്ള 17 സേനാ എംഎല്‍എമാര്‍ തിരികെ മുംബൈയ്ക്ക് വരാന്‍ തയ്യാറാണെന്നും അവരെ തിരികെ അയക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് ശിവസേനയിലെ ഭരണപക്ഷം ആരോപിക്കുന്നത്.

അതേസമയം, ഇന്ന് ശിവസേനയും എന്‍സിപിയും തുടര്‍ച്ചയായി സ്ഥിതി വിലയിരുത്താന്‍ യോഗങ്ങള്‍ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് ‘മാതോശ്രീ’യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയില്‍ വൈ ബി ചവാന്‍ സെന്ററില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഗുവാഹത്തിയിലെ ഹോട്ടലില്‍ വിമത എംഎല്‍എമാരും യോഗം ചേരും.

Leave a Reply

Your email address will not be published. Required fields are marked *