മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബാലാസാഹബ് എംഎല്‍എമാര്‍ക്ക് താത്കാലിക ആശ്വാസമായി സുപ്രീം കോടതി വിധി. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍ നല്കിയ അയോഗ്യത നോട്ടീസിന് മറുപടി നല്‍കാനുളള സമയപരിധി കോടതി നീട്ടി നല്കി.
ജൂലൈ പതിനൊന്നു വരെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യരാക്കാനുള്ള നോട്ടീസിന് മറുപടി നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിമത എംഎല്‍എമാരുടെ കുടുംബത്തിനും സ്വത്തിനും സുരക്ഷ ഒരുക്കാനും മഹാരാഷ്ട്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്തും ജെ ബി പര്‍ദിവാലയും അടങ്ങിയ ബെഞ്ചാണ് അയോഗ്യതാ നോട്ടിസിന് എതിരെ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചത്.
അയോഗ്യരാക്കുന്നതിനെതിരെ ഏക്നാഥ് ഷിന്‍ഡെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യരാകാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎല്‍എമാര്‍ക്ക് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ചക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസിലെ നിര്‍ദേശം.
