മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തെരഞ്ഞെടുക്കപ്പെട്ടു.മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്. വിമത ശിവസേന എംഎല്‍എമാരുടേതടക്കം 164 വോട്ടുകളാണ് നര്‍വേക്കര്‍ക്ക് ലഭിച്ചത്.ഉദ്ധവ് താക്കറെയുടെ വിശ്വസ്തന് രാജന് സാല്‍വി ആയിരുന്നു മത്സരത്തിൽ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്.രാജന് സാല്‍വിക്ക് 107 വോട്ടുകള്‍ ലഭിച്ചു.
വിമത നീക്കത്തിന് ശേഷം ശിവസേനയിലെ ഔദ്യോഗിക-വിമത എംഎല്‍എമാര്‍ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനല്‍ പോരാട്ടമായിട്ടാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.മത്സരത്തിന് മുൻപ്, തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതായി ബി.ജെ.പിയുടെ സുധീര്‍ മുന്ഗന്തിവാര് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ ഇന്നത്തെ തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞത് ‘ഞങ്ങള്‍ വിജയിച്ചുകഴിഞ്ഞാല്‍, സഖ്യത്തിന് സഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് ഞങ്ങള്‍ സ്ഥാപിക്കും’ എന്നായിരുന്നു.ഡെപ്യൂട്ടി സ്പീക്കറാണ് വോട്ടെടുപ്പ് നിയന്ത്രിച്ചത്. എംഎൽഎമാർ സഭയിൽ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്തുന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ ആദ്യ വോട്ട് രേഖപ്പെടുത്തി. തൊട്ടുപിന്നാലെ, ദേവേന്ദ്ര ഫഡ്നാവിസ് വോട്ട് ചെയ്തു. എംഎൻഎസ്, ബഹുജൻ വികാസ് അഘാഡി എന്നിവരുടെ വോട്ടും രാഹുൽ നർവേക്കർക്ക് ലഭിച്ചു. ഈ രണ്ട് കക്ഷികളും നിലവിൽ എൻഡിഎയുടെ ഭാഗമല്ല. ശിവസേനയുടെ 38 വിമത എംഎൽഎമാരുടെ വോട്ടും ബിജെപിക്ക് ലഭിച്ചു. സിപിഎം എംഎൽഎ വിനോദ് നിക്കോളെ വോട്ട് സേനാ സ്ഥാനാർഥിക്ക് വോട്ട് ചെയ്തു.
കൊളാബ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലെത്തിയ നർവേക്കർ കന്നി അംഗത്തിൽ തന്നെ സ്പീക്കർ പദവിയിലും എത്തി. ശിവസേനയിൽ നിന്ന് പിരിഞ്ഞ് ബിജെപി പിന്തുണയോടെയാണ് നർവേക്കർ കൊളാബയിൽ ജനവിധി തേടിയത്. വിജയിക്കുകയും ചെയ്തു