തമിഴ്‌നാട്ടിലെ കള്ളക്കുറിശ്ശിയില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാലുടന്‍ മൃതദേഹം സംസ്‌കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഭാവിയില്‍ കാമ്പസുകളില്‍ ആത്മഹത്യ നടന്നാല്‍ സിബിസിഐഡി കേസന്വേഷിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കള്ളക്കുറിശ്ശിയില്‍ നടന്നത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും ആക്രമണം ആസൂത്രിതമാണെന്നും നിരീക്ഷിച്ചു.
സംഘര്‍ഷാവസ്ഥ തുടരുന്ന കള്ളകുറിച്ചിയിലേക്ക് രണ്ട് മന്ത്രിമാരെ കൂടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അയച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി അല്‍പില്‍ മഹേഷ് പൊയ്യാമൊഴി, പൊതുമരാമത്ത് മന്ത്രി എ.വി.വേലു എന്നിവരാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കള്ളക്കുറിച്ചിക്ക് തിരിച്ചത്. തൊഴില്‍ മന്ത്രി സി.വി.ഗണേശന്‍ നിലവില്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. 500 പൊലീസ് കമാന്‍ഡോമാരടക്കം 1500 പൊലീസുകാരെയാണ് പ്രദേശത്ത് വിന്ന്യസിച്ചിരിക്കുന്നത്. സംസ്ഥാന ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്. കള്ളാക്കുറിച്ചിയിലും പരിസര പ്രദേശങ്ങളിലും ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപികമാര്‍ അറസ്റ്റില്‍. കള്ളക്കുറിച്ചി ചിന്നസേലം ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഗണിതാധ്യാപികയായ കൃതിക, കെമിസ്ട്രി അധ്യാപിക ഹരിപ്രിയ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞദിവസം നടന്ന കലാപവുമായി ബന്ധപ്പെട്ട് 120-ഓളം പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. സ്‌കൂളും വാഹനങ്ങളും അടിച്ചുതകര്‍ത്തവരാണ് പിടിയിലായിട്ടുള്ളത്.