സംസ്ഥാനത്ത് പുതിയ എൽഡിഎഫ് സർക്കാർ 20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യോഗത്തിൽ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും സിപിഐ ആവശ്യപ്പെട്ടതായാണ് വിവരം.മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ആരോഗ്യ മന്ത്രി കെകെ ശൈലജയും സഹകരണ മന്ത്രി എസി മൊയ്തീനും പുതിയ മന്ത്രിസഭയിലും തുടരും. സിപിഎമ്മിൽ നിന്ന് ആകെ 13 മന്ത്രിമാരാവും മന്ത്രിസഭയിലുണ്ടാവുകയെന്നാണ് സൂചന.

അതേസമയം രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗബലം ഇരുപത്തിയൊന്നാക്കുന്നത് ഇടതുമുന്നണി നേതൃത്വത്തിന്റെ പരിഗണയില്‍. പുതിയതായി വന്ന ഘടകക്ഷികള്‍ക്കും ഒറ്റകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെങ്കില്‍ അംഗബലം കൂട്ടേണ്ടിവരുമെന്ന സൂചനയും ഇടതുമുന്നണി നല്‍കുന്നു. പുതിയതായി മുന്നണിയില്‍ എത്തിയ കേരള കോണ്‍ഗ്രസിനും എല്‍ജെഡിക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. മുന്നണിയിലെ മറ്റ് ചെറു പാര്‍ട്ടികളും മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് എത്തിക്കഴിഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരില്‍ സിപിഐഎമ്മിന് 13 മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അതില്‍ കുറവുണ്ടാകും. 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും, ചീഫ് വിപ്പ് സ്ഥാനവും ഉണ്ടായിരുന്ന സി പിഐ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാമെന്ന് സിപിഐ സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ട്. അഞ്ചു സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത.

എന്‍സിപിയും കടന്നപള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനത്തിന് വാദം ഉന്നയിക്കും. കെപി മോഹനന്‍ മാത്രമാണ് ജയിച്ചതെങ്കിലും എല്‍ജെഡിയ്ക്കും മന്ത്രിസ്ഥാനം നല്‍കേണ്ടി വരും. ഒരു സീറ്റ് മാത്രം ജയിച്ച ഐഎന്‍എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് സിപിഐഎമ്മിന് കത്ത് നല്‍കിയിട്ടുണ്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസും മന്ത്രി സ്ഥാനം ആവശ്യപ്പെടും. കൂടുതല്‍ പേര്‍ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സിപിഐഎം ശ്രമം തുടങ്ങി. കഴിഞ്ഞ തവണ മുന്നണിയില്‍ ഇല്ലാതിരുന്ന കേരള കോണ്‍ഗ്രസിന് ഇത്തവണ മന്ത്രി സ്ഥാനം ലഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *