ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മക്കളെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി. നാല് കുട്ടികളും മരിച്ചതായി പൊലീസ് അറിയിച്ചു. 32കാരിയായ മാത്യയാണ് കുട്ടികളെയും കൊണ്ട് കിണറ്റില്‍ ചാടിയത്. യുവതി പരിക്കുകളോടെ രക്ഷപ്പെട്ടു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഇന്നലെ രാത്രിയായിരുന്നു ദാരുണ സംഭവമുണ്ടായത്. മക്കളായ കോമള്‍ (4), റിങ്കു (3), രാജ്വീര്‍ (2), ദേവരാജ് എന്നിവരാണ് മരിച്ചത്.
നാല് കുട്ടികളില്‍ ഇളയത് ഒരു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രി തന്നെ കിട്ടിയിരുന്നു. ഒരു മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സുനേജ് ടാഡ പറഞ്ഞു. കുടുംബ വഴക്കായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മാത്യയുടെ ഭര്‍ത്താവ് ബോദുറാം ഗുര്‍ജ്ജാര്‍ കര്‍ഷകനാണ്.