മുംബൈ മാട്ടുംഗയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ മാനസിക വെല്ലുവിളി നേരിട്ടിരുന്ന 16 കാരനെ പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. മാട്ടുംഗയിലെ ഡേവിഡ് സസൂണ്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം നടന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ തന്നെ അന്തേവാസികളായ നാല് കുട്ടികള്‍ ചേര്‍ന്നാണ് ഈ ക്രൂര കൃത്യം നടത്തിയത്.

മാനസിക അസ്വസ്ഥതകളുള്ള രാജ്കുമാര്‍ നിഷാദിനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ പൊലീസാണ് ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചത്. അനാഥനായ നിഷാദിന് ശരിയായി സംസാരിക്കാനുള്ള ശേഷി ഇല്ല.

12 നും 17 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികള്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് കൂടെയുള്ളവരെ പ്രകോപിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ചില്‍ഡ്രന്‍സ് ഹോമിലെ ഹാളില്‍ വച്ച് നാല്‍വര്‍ സംഘം ചേര്‍ന്ന് 16 വയസുകാരനെ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ബോധരഹിതനായി വീണ കുട്ടിയെ ശിശുഭവനിലെ വാര്‍ഡന്‍ കണ്ടെത്തിയതിന് പിന്നാലെ സിയോണ്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ശിവജി പാര്‍ക്ക് പൊലീസ് വ്യക്തമാക്കി.

ആശുപത്രി അധികൃതര്‍ മരണവിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ആദ്യം അപകട മരണമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് പരുക്കിന്റെ വ്യാപ്തി മനസിലായത്. ആന്തരിക മുറിവുകളും ആഘാതവും മൂലമാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *