മദ്യനയ അഴിമതി കേസിനെ തുടര്‍ന്നുള്ള റെയ്ഡിന് പിന്നാലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. മനീഷ് സിസോദിയ അടക്കം എഫ്.ഐ.ആറില്‍ പേരുള്ള എല്ലാ പ്രതികള്‍ക്കുമെതിരേയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനാണ് സി.ബി.ഐയുടെ നടപടി.

സിബിഐയുടെ എഫ്.ഐ.ആറില്‍ പേരുള്ള 15 പ്രതികളുടെ പട്ടികയില്‍ സിസോദിയയാണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് 11 പേജുള്ള രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഡല്‍ഹിയിലെ പുതിയ മദ്യനയത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ പറയുന്നത്.

നേരത്തെ ഡല്‍ഹി ചീഫ് സെക്രട്ടറി ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയും ചില ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. മനീഷ് സിസോദിയയുടെ വസതിയില്‍ ഉള്‍പ്പെടെ 31 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം സിബിഐ റെയ്ഡ് നടത്തിയിരുന്നു.

മുന്‍ എക്‌സൈസ് കമ്മിഷണറുടെയും ഉദ്യോഗസ്ഥരുടെയുമടക്കം ഏഴ് സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായി വെള്ളിയാഴ്ചയാണ് പരിശോധന നടത്തിയത്. കേസില്‍ മലയാളികളായ രണ്ടു പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *