രജിസ്റ്റര്‍ വിവാഹം പരസ്യപ്പെടുത്തരുതെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. 1954ലെ സെപ്ഷ്യല്‍ മാര്യേജ് ആക്ടിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്‌സൈറ്റിലും പൊതുയിടങ്ങളില്‍ പ്രസിദ്ധീകരിക്കരുത് അടക്കം ആവശ്യങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മലയാളിയായ ആതിര എസ് മേനോന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

സെപ്ഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 6(2),6(3) ,സെക്ഷന്‍ 7,8,9 10 എന്നിവയാണ് ഹര്‍ജിക്കാരി ചോദ്യം ചെയ്തത്. വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാന്‍ അടക്കം വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. എന്നാല്‍ ഈ നിയമം മിശ്രവിവാഹതിരായ ആളുകള്‍ക്ക് ദോഷകരമായി വരുന്നെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മാത്രമല്ല ഈ വ്യവസ്ഥകള്‍ ഭരണഘടന ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമത്തില്‍ നിലവില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ മുന്‍കൂറായി നല്‍കണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ദിവസത്തിന് ചുരുങ്ങിയത് 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്നതാണ് അപേക്ഷ. ഈ അപേക്ഷ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരില്‍ പതിക്കണം. വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *