ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഓക്സിജൻ കിട്ടാതെ 11 കോവിഡ് രോഗികൾ കൂടി മരിച്ചു. തിരുപ്പതിയിലുള്ള റുയ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ അഞ്ച് മിനിറ്റ് വൈകിയതാണ് ഈ ദാരുണ സംഭവത്തിന് കാരണമായത്. ഓക്സിജൻ സിലിണ്ടർ നിറയ്ക്കാൻ വൈകിയതുമൂലം മർദ്ദം കുറഞ്ഞതാണ് രോഗികളുടെ മരണത്തിനിടയാക്കിയത്.
ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടായിരുന്നില്ലെന്ന് ചിറ്റൂർ കളക്ടർ വ്യക്തമാക്കുന്നു.
ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. മുപ്പതോളം ഡോക്ടർമാർ ഐസിയുവിലേക്ക് ഈ സമയം എത്തിയെങ്കിലും രോഗികളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും കളക്ടർ പറഞ്ഞു. 700 കോവിഡ് രോഗികളാണ് ഇവിടെ ഐസിയുവിലും ഓക്സിജൻ ബെഡ്ഡിലുമായി ഇവിടെ ചികിത്സയിലുള്ളത്. 300 കോവിഡ് രോഗികൾ വാർഡുകളിലും ചികിത്സയിലുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ദുഖം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടറെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. സമാനമായ സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകി.25 മിനുട്ടോളം ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 135ഓളം ഐസിയുബെഡ്ഡും 400ലധികം ഓക്‌സിജന്‍ ബെഡ്ഡും ആശുപത്രിയിലുണ്ട്. എന്നാല്‍ 1100ഓളം രോഗികളാണ് നിലവിലുള്ള ആശുപത്രിയിലുള്ളത്. ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ഓക്‌സിജന്‍ ടാങ്കിലെ ഓക്‌സിജന്‍ തീര്‍ന്നിരുന്നു.
