തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കുതർക്കം. ഒളിച്ചോട്ട സംഭവത്തിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കിടയികളായിരുന്നു സംഭവം നടന്നത്. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വനിതാ എസ്.ഐയുടെ മുന്നിൽവെച്ചാണ് പൊലീസുകാർ തമ്മിൽ കടുത്ത തർക്കമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആര്യനാട് സ്റ്റേഷൻ പരിധിയിൽ ഒരു വിവാഹിതൻ പതിനെട്ട് വയസ്സുകാരിയുമായി നാടുവിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും പോലീസ് കണ്ടെത്തി. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്.ഐ വനിതാ പോലീസുകാരിൽ ഒരാളോട് നിർദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരു തമ്മിൽ തർക്കമുണ്ടായത്.നാട്ടുകാരടക്കം നോക്കിനിൽക്കെയായിരുന്നു സംഭവം. നാട്ടുകാരിൽ ആരോ എടുത്ത വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
ആരാണ് സീനിയർ, ജൂനിയർ എന്നത് സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് കടുത്ത വാക്കു തർക്കത്തിലേക്ക് കടന്നത്. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.