ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.ഇന്ന് രാവിലെയോടെയാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ഇന്ന് മുതൽ 17 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും അതി തീവ്ര മഴക്കും സാധ്യത. വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെയുളള എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം.
തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത നിർദേശമുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്ത നിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പുലര്‍ത്തണം.

Leave a Reply

Your email address will not be published. Required fields are marked *