പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച കീഴ്മാട് കടത്തിൽ പുറം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡിന് 58.6 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
പെരുവയൽ ഗ്രാമപഞ്ചായത്തിലെ കീഴ്മാട് നിന്നും ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള ഈ പാത നവീകരിക്കണമെന്ന പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സംസ്ഥാന സർക്കാരിൻറെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന അനുവദിച്ച തുക ഉപയോഗപ്പെടുത്തി പ്രവൃത്തി നടത്തിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്.
പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ജയപ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പർ പി സൈദത്ത്, കെ.എം ഗണേശൻ, കെ സുധാകരൻ, ആലിക്കോയ, സുനിൽകുമാർ വടക്കയിൽ സംസാരിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നോർത്ത് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞിമമ്മു പറമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് മെമ്പർ സുസ്മിത വിത്താരത്ത് സ്വാഗതവും സ്വാഗതസംഘം കൺവീനർ സുധീർ പന്തംപിലാക്കിൽ നന്ദിയും പറഞ്ഞു.
